07:33am 25 May 2026
NEWS

ഭരണാനുഭവങ്ങൾ, നിലപാടുകൾ, പുതിയ ദർശനങ്ങൾ; ബിജു പ്രഭാകർ ഐ.എ.എസ് ന്റെ വെളിപ്പെടുത്തലുകൾ

10/05/2026  10:58 AM IST
 ഭരണാനുഭവങ്ങൾ, നിലപാടുകൾ, പുതിയ ദർശനങ്ങൾ; ബിജു പ്രഭാകർ ഐ.എ.എസ്  ന്റെ വെളിപ്പെടുത്തലുകൾ

സിവിൽ സർവീസിലെ ഉന്നത പദവികൾ അലങ്കരിക്കുമ്പോഴും തന്റെ നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാതെ, കർമ്മപഥത്തിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ബിജു പ്രഭാകർ ഐ.എ.എസ്. ഭരണപരമായ ഉത്തരവാദിത്തങ്ങൾക്കിടയിലും വായനയെയും എഴുത്തിനെയും നെഞ്ചോട് ചേർക്കുന്ന അദ്ദേഹം, വിരമിക്കൽ ജീവിതത്തെ കേവലം വിശ്രമമായല്ല, മറിച്ച് സമൂഹത്തിന് ഗുണകരമാകുന്ന പുതിയ സംരംഭങ്ങൾക്കുള്ള അവസരമായാണ് കാണുന്നത്. കേരളത്തിന്റെ വികസന മാതൃകകളെക്കുറിച്ചും സിവിൽ സർവീസിലെ ആധുനികവൽക്കരണത്തെക്കുറിച്ചും കൃത്യമായ കാഴ്ചപ്പാടുള്ള അദ്ദേഹത്തിന്റെ വാക്കുകൾ വായനക്കാർക്ക് പുതിയ ചിന്തകൾ പകർന്നുനൽകും.

സിവിൽ സർവീസിലെ നീണ്ട കാലത്തെ അനുഭവസമ്പത്തിനുശേഷം വിശ്രമജീവിതത്തിലേക്ക് കടക്കുമ്പോൾ, തിരിഞ്ഞുനോക്കുമ്പോൾ ഏറ്റവും സംതൃപ്തി നൽകുന്ന നേട്ടം എന്താണ്?

'വിശ്രമജീവിതം' എന്ന് പറയുന്നൊരു കാര്യം എന്റെ ജീവിതത്തിൽ ഇല്ല. 1989ൽ ബോംബെയിൽ ഒരു കമ്പനിയിൽ 500 രൂപ ശമ്പളത്തിന് ജോലിയിൽ പ്രവേശിച്ചതാണ് എന്റെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. അതിനു മുമ്പ് രണ്ടര മാസത്തോളം ജോലി അന്വേഷിച്ച് ഇന്റർവ്യൂകൾക്കായി അലഞ്ഞുനടന്ന കാലമുണ്ട്. അന്ന് തന്നെ ഞാൻ ഒരു തീരുമാനം എടുത്തിരുന്നു ആരോഗ്യം ഉള്ളിടത്തോളം കാലം ഞാൻ ജോലി ചെയ്യും; എന്നെക്കൊണ്ട് ചെയ്യാൻ കഴിയുന്ന നല്ല കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കും.

അതുകൊണ്ടുതന്നെ, വിശ്രമജീവിതം എന്ന ആശയം എനിക്ക് പ്രസക്തമല്ല. സർവീസ് അവസാനിക്കുന്നതിനും ഒരു വർഷം മുമ്പ് തന്നെ, ദക്ഷിണേന്ത്യയിലെ ഒരു കമ്പനിയിൽ ചേരാനായി വി.ആർ.എസ് എടുക്കണമോ എന്ന ചിന്തയുണ്ടായിരുന്നു. അതിന്റെ ഭാഗമായി പതുക്കെ അവധിയെടുത്ത് മാറാനുള്ള ശ്രമവുമുണ്ടായി.

തിരിഞ്ഞുനോക്കുമ്പോൾ എനിക്ക് ഏറ്റവും സംതൃപ്തി നൽകുന്ന രണ്ട് കാര്യങ്ങളുണ്ട്. എന്റെ പുസ്തകമായ നാം നമ്മെ കൊള്ളയടിക്കുമ്പോൾ എന്നതിലും ഞാൻ അതിനെക്കുറിച്ച് പറയുന്നുണ്ട്. അവ രണ്ടും ഒരു നിയോഗം പോലെ എനിക്ക് ചെയ്യാൻ സാധിച്ച കാര്യങ്ങളാണ്. മറ്റുള്ളവ പലതും നേട്ടങ്ങളായിരിക്കാം. പക്ഷേ ഇവ രണ്ടും ദൈവാധീനം കൊണ്ട് എനിക്ക് ചെയ്യാൻ കഴിഞ്ഞ നിയോഗങ്ങളാണെന്ന് ഞാൻ കരുതുന്നു.
ഒന്നാമത്തെത്, സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷിക്കാർക്ക് നിയമനാവകാശം ഉറപ്പാക്കാൻ കഴിഞ്ഞതാണ്. എയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷിക്കാർക്ക് മാത്രമല്ല, പലപ്പോഴും സാമുദായിക സംവരണത്തിനുപോലും യഥാർത്ഥ അർഥത്തിൽ സ്ഥാനം ലഭിച്ചിരുന്നില്ല. 1996 മുതൽ ജലൃീെി െംശവേ ഉശമെയശഹശശേല െഅര േപ്രകാരം 3 ശതമാനം സംവരണവും, 2016 മുതൽ 4 ശതമാനം സംവരണവും നൽകേണ്ടതാണെന്ന അടിസ്ഥാനത്തിൽ ഒരു ചരിത്രപരമായ ഉത്തരവ് ഇറങ്ങി. ആ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഏകദേശം 1500 ഭിന്നശേഷിക്കാർക്ക് ഇന്ന് സ്‌കൂളുകളിൽ ജോലി ലഭിച്ചിട്ടുണ്ട്. അവരുടെ പോരാട്ടം ഇപ്പോഴും തുടരുന്നു. ഞങ്ങളുടെയെല്ലാം പിന്തുണ അതിനുണ്ട്. ഭാവിയിൽ 5000–6000 പേർക്ക് വരെ ജോലി ലഭിക്കാനുള്ള സാധ്യതയുണ്ട്. അല്ലാത്തപക്ഷം, വൈകല്യത്തിന്റെ പേരിൽ മാറ്റിനിർത്തപ്പെട്ടിരുന്ന ഇവർക്ക് ഒരിക്കലും ജോലി ലഭിക്കുമായിരുന്നില്ല.

രണ്ടാമത്തെത് കാരുണ്യ ബെനവലന്റ് ഫണ്ടുമായി ബന്ധപ്പെട്ടതാണ്. കാരുണ്യ ലോട്ടറിയിലൂടെ ലഭിച്ച തുക ഉപയോഗിച്ച് രൂപീകരിച്ച ബെനവലന്റ് ഫണ്ടിലൂടെ രണ്ടേകാൽ ലക്ഷത്തോളം രോഗികൾക്ക് സർക്കാർസ്വകാര്യ ആശുപത്രികളിൽ ബ്രെയിൻ സർജറി, ഹാർട്ട് സർജറി, കാൻസർ ചികിത്സ തുടങ്ങിയ മേജർ ചികിത്സകൾ വലിയ ബുദ്ധിമുട്ടുകളില്ലാതെ ലഭ്യമാക്കാൻ കഴിഞ്ഞു.

ഈ രണ്ട് കാര്യങ്ങളാണ് എന്റെ ജീവിതത്തിൽ ഏറ്റവും വലിയ സംതൃപ്തി നൽകുന്നത്.

 കെ.എസ്.ആർ.ടി.സി പോലുള്ള പ്രതിസന്ധിയിലായ സ്ഥാപനങ്ങളെ നവീകരിക്കാൻ താങ്കൾ നടത്തിയ ശ്രമങ്ങൾ വലിയ ചർച്ചയായിരുന്നു. ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിൽ ജനപ്രിയമല്ലാത്ത, എന്നാൽ അനിവാര്യമായ തീരുമാനങ്ങൾ എടുക്കുമ്പോൾ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണ്?

കെ.എസ്.ആർ.ടി.സി എന്നത്, എന്നെ സംബന്ധിച്ചിടത്തോളം, അക്കാദമിക് താൽപര്യത്തോടെ ഞാൻ ജോയിൻ ചെയ്ത ഒരു സ്ഥാപനമാണ്. 'കെ.എസ്.ആർ.ടി.സി ഞാൻ നന്നാക്കും' എന്ന തരത്തിലുള്ള അമിത പ്രതീക്ഷയൊന്നും എനിക്കില്ലായിരുന്നു. കാരണം, പതിറ്റാണ്ടുകളായുള്ള അനുഭവത്തിൽ നിന്ന് എനിക്ക് മനസ്സിലായത്, ചില സംവിധാനങ്ങൾ മാറ്റത്തിന് തയ്യാറാകില്ല എന്നതാണ്.

ഒരു അധിക ജോലി പോലും ചെയ്യാൻ പലരും തയ്യാറാകാത്ത അവസ്ഥയാണ്. ഉദാഹരണത്തിന്, സ്‌കൂളുകളിൽ ഐ.ടി ഒരു പീരിയഡായി പരിചയപ്പെടുത്തുമ്പോൾ, ബാക്കിയുള്ള പീരിയഡുകൾ കുറയ്‌ക്കേണ്ടതില്ല; എട്ടാമത്തെ പീരിയഡായി ഐ.ടി ഉൾപ്പെടുത്താം എന്ന് പറഞ്ഞപ്പോൾ പോലും, ഒന്നേമുക്കാൽ ലക്ഷം അധ്യാപകർ എതിർത്തു. ഒരു കംഫർട്ട് ജോലി കിട്ടിയാൽ അതിൽ നിന്ന് മാറാൻ പലർക്കും താൽപര്യമില്ല.
സർക്കാർ സർവീസിലുള്ള പലരുടെയും മനോഭാവം ഞാൻ ഒരു ഉദാഹരണത്തിലൂടെ പറയാറുണ്ട്. ബസ് സ്റ്റോപ്പിൽ നിൽക്കുന്ന ഒരാൾ, എക്‌സ്പ്രസ് ബസായാലും ഡീലക്‌സ് ബസായാലും ഫാസ്റ്റ് പാസഞ്ചറായാലും ഓർഡിനറിയായാലും, താൻ കൈ കാണിക്കുമ്പോൾ നിർത്തണം എന്നാണ് ആഗ്രഹിക്കുന്നത്. പക്ഷേ ബസിൽ കയറിയാൽ, പിന്നെ താൻ ഇറങ്ങേണ്ട സ്ഥലത്ത് എത്തുംവരെ ബസ് നിർത്തരുതെന്നാണ് ആഗ്രഹം. സർക്കാർ സർവീസിൽ കയറുന്നവരിൽ പലരുടെയും മനോഭാവവും ഇതുപോലെയാണെന്ന് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്.

കെ.എസ്.ആർ.ടി.സിയിൽ ഡ്യൂട്ടി പാറ്റേൺ മാറ്റാൻ പലരും തയ്യാറായില്ല. അതുകൊണ്ടാണ് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് എന്ന ആശയം വന്നത്. 18 മണിക്കൂർ വരെ ജോലി ചെയ്ത് ബാംഗ്ലൂർ വരെ വണ്ടി ഓടിക്കുന്ന ഒരാളുടെ കൈയിൽ എത്ര മനുഷ്യരുടെ ജീവൻ അപകടത്തിലാകുന്നു! രണ്ട് ഷിഫ്റ്റാക്കി രണ്ട് പേരെ നിയോഗിക്കാം എന്ന് പറഞ്ഞിട്ടും അത് സമ്മതിച്ചില്ല. കാരണം, നിലവിലുള്ള രീതിയിൽ ചിലർക്ക് ഒരു ദിവസം ബാംഗ്ലൂരിൽ പോയി തിരിച്ചു വന്നാൽ പിന്നീട് ആഴ്ചയിൽ പല ദിവസവും വരേണ്ടതില്ല. അങ്ങനെ മാസത്തിൽ വളരെ കുറച്ച് ദിവസങ്ങൾ മാത്രം ജോലി ചെയ്യുന്ന രീതിയും നിലനിന്നിരുന്നു.

ഞാൻ കെ.എസ്.ആർ.ടി.സി മുഖ്യമന്ത്രിയോട് ചോദിച്ച് വാങ്ങിയത് രണ്ട് കാര്യങ്ങൾക്കായാണ്. ഞാൻ ഒരു എഞ്ചിനീയറാണ്. എം.ബി.എയിൽ ഫിനാൻസ്, കോസ്റ്റിംഗ് തുടങ്ങിയ കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. അത് പ്രായോഗികമായി പരീക്ഷിക്കാനുള്ള ഒരു വേദി വേണമെന്നു തോന്നി. ഏത് കാര്യങ്ങൾ മാറ്റാൻ സാധിക്കും, ഏത് കാര്യങ്ങൾ മാറ്റാൻ സാധിക്കില്ല എന്നത് മനസ്സിലാക്കാനുള്ള ഒരു പരീക്ഷണശാലയായിരുന്നു കെ.എസ്.ആർ.ടി.സി.

കെ.എസ്.ആർ.ടി.സിയുടെ പ്രധാന പ്രശ്‌നങ്ങൾ രണ്ട് ആയിരുന്നു—ഡീസൽ ചെലവും ശമ്പള ചെലവും. 200 കോടി രൂപ വരുമാനം കിട്ടിയാൽ അതിൽ 100 കോടി രൂപ ഡീസലിനും 91 കോടി രൂപ ശമ്പളത്തിനും പോകും. ശേഷിക്കുന്നത് ഏകദേശം 9 കോടി 70 ലക്ഷം രൂപ മാത്രമാണ്. ഇത്തരമൊരു ധനകാര്യ ഘടനയിൽ സ്ഥാപനത്തെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകും? ഇതിനെക്കുറിച്ച് ഒരു ഐ.എ.എസ് ഓഫീസർ റിപ്പോർട്ട് തയ്യാറാക്കിയതുമുണ്ട്.

ഡീസൽ ചെലവ് കുറയ്ക്കാൻ ഇലക്ട്രിക് ബസുകളിലേക്ക് മാറേണ്ടതുണ്ട്. പക്ഷേ അതിന് വേണ്ട പിന്തുണ ലഭിച്ചില്ല. സർക്കാർ 1,35,000 കോടി രൂപയുടെ കെ-റെയിൽ പദ്ധതിയെക്കുറിച്ച് ആലോചിക്കുമ്പോൾ, കെ.എസ്.ആർ.ടി.സിക്ക് ആവശ്യമായ തുക നൽകുന്നതിൽ മടിയുണ്ടായിരുന്നു. 50 കോടി രൂപ മാസാരംഭത്തിൽ നൽകാതെ, 25ാം തീയതി അഡ്വാൻസായി നൽകിയാൽ ശമ്പളം, ഡീസൽ ചെലവ്, ഓവർഡ്രാഫ്റ്റ് എന്നിവ കൈകാര്യം ചെയ്യാൻ സാധിക്കുമായിരുന്നു. എന്നാൽ അത്തരമൊരു ധനകാര്യ പിന്തുണ ലഭിച്ചില്ല. എന്നെ അപ്രിയനാക്കിയ പല നടപടികൾക്കും പിന്നിൽ ധനകാര്യപരമായ പിന്തുണ ലഭിക്കാത്ത അവസ്ഥയുമുണ്ട്.

അതേസമയം, കെ.എസ്.ആർ.ടി.സിയിൽ ഞാൻ നിരവധി വൈവിധ്യവൽക്കരണ ശ്രമങ്ങൾ നടത്തി. ബസ് ടൂറിസം ഇപ്പോൾ 100 കോടി രൂപയുടെ കളക്ഷൻ വരുമാനമുണ്ടാക്കുന്ന മേഖലയായി മാറിയിട്ടുണ്ട്. പരസ്യ വരുമാനം നേരിട്ട് വർധിപ്പിച്ചു. കരാറുകാരുടെ ഇടപെടലുകൾ കുറച്ച് വരുമാനം നേരിട്ട് സ്ഥാപനത്തിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചു. കെ.എസ്.ആർ.ടി.സിയുടെ ആദ്യത്തെ സ്ലീപ്പർ ബസുകളും, ഇലക്ട്രിക് ബസുകളും, ഇന്ത്യയിലെ ആദ്യത്തെ ഓപ്പൺ ഇലക്ട്രിക് ഡബിൾ ഡെക്കർ ബസും കേരളത്തിൽ അവതരിപ്പിച്ചത് ഈ കാലത്താണ്.

എന്നാൽ ജീവനക്കാരുടെ സഹകരണമില്ലാത്തിടത്ത് പരിഷ്‌കാരങ്ങൾക്കുള്ള പരിധി വളരെ വലുതാണ്. നിലവിലുള്ള ഡ്യൂട്ടി പാറ്റേണിൽ നിന്ന് ഒരു ഇഞ്ച് പോലും മാറാൻ അവർ തയ്യാറായില്ല. എന്നിട്ടും, കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ലാഭകരമായി പ്രവർത്തിക്കാൻ തുടങ്ങി. ആദ്യ വർഷം തന്നെ ഏകദേശം 30 കോടി രൂപ ലാഭമുണ്ടായി. പക്ഷേ അതിൽ വലിയൊരു പങ്ക് മറ്റ് ബാധ്യതകളിലേക്ക് പോകാതിരിക്കാൻ അക്കൗണ്ടിംഗ് രീതികളിൽ ചില പരിഷ്‌കാരങ്ങൾ വരുത്തേണ്ടിവന്നു.

സെക്രട്ടേറിയറ്റ് ഭരണസംവിധാനത്തിന്റെ ഭാഗമായിരുന്ന വ്യക്തി എന്ന നിലയിൽ, കേരളത്തിലെ ചുവപ്പുനാടകൾ ഇല്ലാതാക്കാൻ ഇനിയും മാറേണ്ടത് ഫയലുകളാണോ, അതോ ഉദ്യോഗസ്ഥരുടെ മനോഭാവമാണോ?

ആദ്യം മാറേണ്ടത് ഉദ്യോഗസ്ഥരുടെ മനോഭാവമാണ്. പല ഉദ്യോഗസ്ഥർക്കും 'എന്നെ ആരും ഒന്നും ചെയ്യില്ല' എന്നൊരു ബോധ്യമുണ്ട്. അവർക്ക് വലിയ പ്രൊട്ടക്ഷനുണ്ട്. ചില സാഹചര്യങ്ങളിൽ ഒരു മുഖ്യമന്ത്രിക്കുപോലും ഉദ്യോഗസ്ഥർക്കെതിരെ കാര്യമായി ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയുണ്ട്. എ.കെ. ആന്റണിയുടെ കാലത്ത് ഉദ്യോഗസ്ഥ സമരം നടന്നപ്പോൾ, അവസാനം സർക്കാർ തന്നെ മുട്ടുമടക്കിയ പോലെയായിരുന്നില്ലേ സംഭവിച്ചത്.

എന്റെ പുസ്തകത്തിൽ ഞാൻ പറയുന്നുണ്ട്—For the unions, by the unions, of the unions." ഇത് ഉദ്യോഗസ്ഥരെക്കുറിച്ചുമാത്രമല്ല, എല്ലാ മേഖലയിലും ബാധകമാണ്. ഓരോ വിഭാഗത്തിനും യൂണിയൻ ഉണ്ട്. പലപ്പോഴും ന്യൂനപക്ഷമായവരാണ് സംവിധാനത്തെ നിയന്ത്രിക്കുന്നത്.
ഉദ്യോഗസ്ഥന്റെ മനോഭാവം മാറണം. ജോലി ചെയ്യുന്നവർക്കും ചെയ്യാത്തവർക്കും ഒരേ സംരക്ഷണം ലഭിക്കുന്ന സംവിധാനം മാറണം. പെർഫോമൻസ് വിലയിരുത്തി പ്രമോഷൻ നൽകുന്ന ഒരു സംവിധാനം വരണം. സർക്കാർ പെർഫോമൻസ് അടിസ്ഥാനത്തിലുള്ള പ്രമോഷൻ എന്ന ആശയം ഐ.എ.എസ് ഓഫീസർമാർക്കുപോലും ബാധകമാക്കേണ്ടതാണ്. ഇപ്പോൾ സർവീസിൽ കയറിയാൽ, കാര്യമായി ഒന്നും ചെയ്യാതെയും ഉന്നതസ്ഥാനങ്ങളിലേക്ക് പോകാൻ കഴിയുന്ന സാഹചര്യം നിലനിൽക്കുന്നു.

രണ്ടാമതായി, ആവശ്യമില്ലാത്ത നിയമങ്ങൾ എടുത്തുകളയണം. നിയമങ്ങൾ അധികമാകുമ്പോൾ ഉദ്യോഗസ്ഥരുടെ റശരെൃലശേീിമൃ്യ ുീംലൃ കൂടുന്നു. അതാണ് ചുവപ്പുനാടയുടെ അടിസ്ഥാനം. ആവശ്യമില്ലാത്ത അനുമതികളും നടപടിക്രമങ്ങളും കുറയുമ്പോൾ, ഉദ്യോഗസ്ഥരുടെ ഇടപെടൽ കുറയും.

ഉദ്യോഗസ്ഥരെ വിലയിരുത്തുന്ന രീതിയും കാര്യക്ഷമമാക്കണം. ഇപ്പോഴത്തെ വാർഷിക അപ്രൈസൽ പലപ്പോഴും യാഥാർത്ഥ്യം പ്രതിഫലിപ്പിക്കുന്നില്ല. എല്ലാവർക്കും മികച്ച മാർക്ക് നൽകുന്ന ഒരു സംസ്‌കാരം നിലനിൽക്കുന്നു. കഴിവുള്ളവരെയും പ്രവർത്തനക്ഷമരെയും തിരിച്ചറിയുന്ന രീതിയിലേക്ക് സിസ്റ്റം മാറണം.

ചില ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുകൊണ്ടുപോകുമ്പോഴാണ് ഒരു പരിധിവരെ കാര്യങ്ങൾ ചെയ്യാൻ കഴിയുക. എന്നാൽ വലിയ മാറ്റം ഉടൻ സംഭവിക്കും എന്ന് കരുതാൻ കഴിയില്ല. കാരണം, അത്രയും വലിയ സംരക്ഷണവും അനാവശ്യ അധികാരവുമാണ് ഇപ്പോഴും നിലനിൽക്കുന്നത്.

താങ്കളുടെ പുസ്തകത്തിൽ ഔദ്യോഗിക ജീവിതത്തിലെ വെളിപ്പെടുത്തലുകൾക്കും അപ്പുറം ഒരു ഭരണകർത്താവിന്റെ നിരീക്ഷണങ്ങളുണ്ട്. സർവീസിൽ ഇരിക്കുമ്പോൾ പറയാൻ കഴിയാത്ത പല കാര്യങ്ങളും തുറന്നുപറയാനുള്ള ഒരു വേദിയാണോ ഈ പുസ്തകം?
സർവീസിൽ നിന്ന് വിട്ടശേഷം പറയുമ്പോഴും ഞാൻ ഒരിക്കലും രാഷ്ട്രീയക്കാരെ കുറ്റപ്പെടുത്താനുള്ള നിലപാട് സ്വീകരിച്ചിട്ടില്ല. ഒരു രാഷ്ട്രീയക്കാരനെയും ഞാൻ എന്റെ പുസ്തകത്തിൽ കുറ്റപ്പെടുത്തിയിട്ടില്ല. കാരണം, എനിക്ക് വ്യക്തമായ തെളിവില്ലാതെ ആരെയും കുറ്റപ്പെടുത്താൻ താൽപര്യമില്ല.

എന്റെ കാഴ്ചപ്പാട് വളരെ വ്യക്തമാണ്. രാഷ്ട്രീയ നേതാക്കൾക്ക് ജനങ്ങളുടെ മാൻഡേറ്റ് ഉണ്ട്. ഒരു പഞ്ചായത്ത് മെമ്പറായാലും ജനങ്ങൾ തിരഞ്ഞെടുക്കുന്ന പ്രതിനിധിയാണ്. അവരെ പിന്തുണയ്ക്കാനാണ് സർക്കാർ യന്ത്രം നിലനിൽക്കുന്നത്. അവർ തെറ്റായ തീരുമാനമെടുക്കുകയോ അഴിമതി സൂചനകൾ ഉണ്ടാകുകയോ ചെയ്താൽ, ഉദ്യോഗസ്ഥൻ ഫയലിൽ അത് ചൂണ്ടിക്കാണിക്കണം. ചിലപ്പോഴൊക്കെ ഫയലിൽ എഴുതാതെ തന്നെ, മന്ത്രിക്ക് കോൺഫിഡൻഷ്യൽ നോട്ട് നൽകാറുണ്ട്. 'ഇത് ചെയ്യാൻ പാടില്ല; ഇത് മന്ത്രിക്കും മന്ത്രിസഭയ്ക്കും അപകടമാകും' എന്ന് വ്യക്തമായി പറയാറുണ്ട്.

ഒരു ഉദ്യോഗസ്ഥന്റെ ജോലി മന്ത്രിമാരെ അപമാനിക്കുക അല്ല. അവർ പല സമ്മർദ്ദങ്ങളിലൂടെയാണ് പ്രവർത്തിക്കുന്നത്. പക്ഷേ അവർക്ക് ജനങ്ങളുടെ പ്രതീക്ഷയും മാൻഡേറ്റുമുണ്ട്. അതിനാൽ, ഭരണപരമായ പരിമിതികൾക്കുള്ളിൽ നിന്ന്, സാധ്യമായ മാറ്റങ്ങൾ കൊണ്ടുവരിക എന്നതാണ് ഉദ്യോഗസ്ഥന്റെ ഉത്തരവാദിത്തം.

ഭിന്നശേഷിക്കാർക്ക് എയ്ഡഡ് സ്‌കൂളുകളിൽ ജോലി ലഭ്യമാക്കിയത്, കാരുണ്യ ഫണ്ട് വഴി ലക്ഷക്കണക്കിന് പാവപ്പെട്ടവർക്ക് ചികിത്സ ലഭ്യമാക്കിയത്—ഇവ മന്ത്രിമാരെ വിമർശിച്ചുകൊണ്ടോ പൊതുവേദിയിൽ ശബ്ദം ഉയർത്തിക്കൊണ്ടോ നേടാനാകുന്ന കാര്യങ്ങളല്ല. സംവിധാനത്തിനുള്ളിൽ നിന്ന് പ്രവർത്തിച്ചാണ് അത്തരം കാര്യങ്ങൾ സാധ്യമാക്കേണ്ടത്.

എന്റെ പുസ്തകം എനിക്ക് തുറന്നുപറയാനുള്ള വേദിയാണ്. പക്ഷേ അത് ഒരാളെ മോശമാക്കാനുള്ള വേദിയല്ല. ഭരണത്തിലെ പരിമിതികളും ഉദ്യോഗസ്ഥ മനോഭാവവും തീരുമാനമെടുക്കാനുള്ള ധൈര്യമില്ലായ്മയും ഞാൻ അതിൽ ചർച്ച ചെയ്യുന്നു. ചില ബുദ്ധിജീവികൾക്ക് വലിയ ഇമേജ് ഉണ്ടാകാം. പക്ഷേ ചെറിയൊരു തീരുമാനമെടുക്കാൻ പോലും അവർക്കാകാത്ത അവസ്ഥ ഞാൻ കണ്ടിട്ടുണ്ട്. ഭരണത്തിൽ വേണ്ടത് ബുദ്ധിജീവിതം മാത്രം അല്ല; തീരുമാനമെടുക്കാനുള്ള ധൈര്യവും ഉത്തരവാദിത്തവുമാണ്.

എഴുത്തുകാരൻ എന്ന നിലയിൽ, അടുത്ത തലമുറയിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് താങ്കളുടെ അനുഭവക്കുറിപ്പുകൾ എങ്ങനെയാണ് ഒരു പാഠപുസ്തകമാകുന്നത്?

എന്റെ പുസ്തകത്തിലെ ആശയങ്ങൾ പലതും എന്റെ ജീവിതാനുഭവങ്ങളിൽ നിന്നാണ് വന്നത്. ഒരു പ്രൊഫഷണൽ ആകാൻ എന്നെ സഹായിച്ച പല പരിശീലനങ്ങളുമുണ്ട്. ഹിന്ദുസ്ഥാൻ ലാറ്റക്‌സിൽ നടത്തിയ ഒരു പരിശീലനത്തിൽ "out of the box thinking" എന്ന ആശയം വളരെ ശക്തമായി അവതരിപ്പിച്ചിരുന്നു. എല്ലാവരും പോകുന്ന വഴിയിലൂടെ പോയാൽ പുതുമയില്ല. വ്യത്യസ്തമായി ചിന്തിക്കണം.
ഞാൻ എന്നെ ഒരു അഡ്മിനിസ്‌ട്രേറ്ററായും, റിഫോമറായും, turnaround strategist ആയുമാണ് കാണുന്നത്. ഒരു സ്ഥാപനം തിരിച്ചുകൊണ്ടുവരാൻ കഴിയുമോ, ഒരു പദ്ധതി നടപ്പാക്കാൻ കഴിയുമോ, പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് മാറ്റം സൃഷ്ടിക്കാൻ കഴിയുമോ—ഇവയെല്ലാം എന്റെ പ്രവർത്തനത്തിന്റെ ഭാഗമായിരുന്നു.

എന്റെ പുസ്തകത്തിൽ സാഹിത്യമുണ്ട്, അനുഭവമുണ്ട്, ഭരണചിന്തയുണ്ട്. പക്ഷേ അതിലേറെയും, എത്ര പരിമിതികളുടെയും പ്രശ്‌നങ്ങളുടെയും നടുവിൽ നിന്ന് ചില കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു എന്ന യാഥാർത്ഥ്യമുണ്ട്. അതിൽ ദൈവാനുഗ്രഹം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.
ഉദാഹരണത്തിന്, ഒരു വലിയ പരിപാടിയുടെ പശ്ചാത്തലത്തിൽ, ഐ.എസ്.ആർ.ഒ ചെയർമാൻ മാധവൻ നായർ സാറുമായി ബന്ധപ്പെട്ട ഒരു അനുഭവം ഞാൻ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. രാഷ്ട്രപതിയുടെ പരിപാടി വരാനിരിക്കുന്ന സമയത്ത്, എല്ലാ കണ്ണുകളും എന്റെ മേൽ ആയിരുന്നു. ചെറിയ പിഴവുപോലും വലിയ പ്രശ്‌നമാകുമായിരുന്നു. അത്തരം സാഹചര്യങ്ങളിൽ റിസ്‌ക് എടുത്ത് പ്രവർത്തിക്കേണ്ടി വന്നിട്ടുണ്ട്.
ഞാൻ ഇത് എഴുതിയത് എന്റെ സ്വന്തം നേട്ടം പ്രഖ്യാപിക്കാനല്ല. ക്ലാർക്കായാലും പ്യൂണായാലും ഐ.എ.എസ് ഉദ്യോഗസ്ഥനായാലും, സർവീസിൽ വരുന്ന യുവാക്കൾക്ക് ഒരു പ്രചോദനമാകട്ടെ എന്നതാണ് ഉദ്ദേശം. പരിമിതികൾ ഉണ്ടാകും. പ്രശ്‌നങ്ങൾ ഉണ്ടാകും. പക്ഷേ ലക്ഷ്യബോധവും പ്രൊഫഷണലിസവും ഉണ്ടെങ്കിൽ മാറ്റം സാധ്യമാണ്.

എന്റെ നേട്ടങ്ങൾ ഒറ്റയ്ക്ക് നേടിയതല്ല. എന്റെ മുകളിലുണ്ടായിരുന്ന മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും, കൂടെ പ്രവർത്തിച്ച ഉദ്യോഗസ്ഥരുടെയും സഹകരണം കൊണ്ടാണ് പല കാര്യങ്ങളും സാധ്യമായത്. അതും പുസ്തകത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
പ്രശസ്തനായ പിതാവിന്റെ നിഴലിൽ നിൽക്കാതെ സ്വന്തമായൊരു വ്യക്തിത്വം കെട്ടിപ്പടുക്കാൻ താങ്കൾക്ക് സാധിച്ചു. രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും സിവിൽ സർവീസിലേക്ക് എത്തിയപ്പോൾ അത് തീരുമാനങ്ങളിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടോ?
എന്റെ അച്ഛൻ വളരെ പ്രായോഗിക ദർശനമുള്ള ഒരു രാഷ്ട്രീയ നേതാവായിരുന്നു. എട്ട് മാസത്തിനുള്ളിൽ നെടുമുടിപള്ളാത്ത് പാലങ്ങൾ പണിതത് അദ്ദേഹമാണ്. ആലപ്പുഴ ജില്ലയിൽ നിന്നു നിരവധി മന്ത്രിമാരും മുഖ്യമന്ത്രിമാരും ഉണ്ടായിട്ടും അത് സാധിച്ചിരുന്നില്ല. 11 മാസം ധനകാര്യ മന്ത്രിയായിരുന്ന കാലവും അദ്ദേഹം വളരെ നല്ല രീതിയിൽ കൈകാര്യം ചെയ്തു.

1988ൽ കേരളത്തിലെ പ്രധാനപ്പെട്ട കെട്ടിടങ്ങളിൽ ഒന്നായ കോബാങ്ക് ടവേഴ്‌സിന്റെ ശിലാസ്ഥാപനം അദ്ദേഹം നിർവഹിച്ചു. അന്നത്തെ കാലത്ത് എയർപോർട്ട് അതോറിറ്റി കെട്ടിടം ഉൾപ്പെടെ വിരളമായിരുന്ന വലിയ കെട്ടിടങ്ങളുടെ നിരയിൽ ചിന്തിക്കപ്പെട്ടിരുന്ന ആ കെട്ടിടം 14 നിലകളുള്ളതായിരുന്നു. സെൻട്രലൈസ്ഡ് എയർ കണ്ടീഷനിംഗ്, എസ്‌കലേറ്റർ, താഴെ ഷോപ്പിംഗ് കോംപ്ലക്‌സ്—സിംഗപ്പൂരിൽ കണ്ട ഒരു മാതൃക അദ്ദേഹത്തിന്റെ ചിന്തയിൽ ഉണ്ടായിരുന്നു. ഒരു അഡ്മിനിസ്‌ട്രേറ്റർ എന്ന നിലയിൽ പ്ലാൻ ചെയ്യാനുള്ള കഴിവ് ഞാൻ അദ്ദേഹത്തിൽ നിന്ന് കണ്ടു പഠിച്ചിട്ടുണ്ട്.

അദ്ദേഹം വീട്ടിൽ വരുന്ന ദിവസങ്ങളിൽ നിരവധി ആളുകൾ വീട്ടിൽ വരും. അവരുടെ പ്രശ്‌നങ്ങൾ അദ്ദേഹം വേഗത്തിൽ കേട്ട് പരിഹരിക്കാൻ ശ്രമിക്കും. ഭരണത്തിന്റെ ലക്ഷ്യം ജനങ്ങൾക്ക് ഉപകാരപ്രദമാകുക എന്നതാണ് എന്ന ബോധം അങ്ങനെയാണ് എനിക്ക് ലഭിച്ചത്.
എന്റെ അമ്മ എപ്പോഴും പറയാറുണ്ടായിരുന്നൊരു വാചകമുണ്ട്—"To serve man is to serve God." അതിന്റെ മലയാളം പറഞ്ഞാൽ, 'മനുഷ്യസേവനമാണ് ഈശ്വരസേവനം' എന്നാണ്. ഞാൻ അന്ധവിശ്വാസിയല്ല. കൂടോത്രം, ആഭിചാരം തുടങ്ങിയവയിൽ എനിക്ക് വിശ്വാസമില്ല. പക്ഷേ അനുഭവങ്ങളിലൂടെ ദൈവവിശ്വാസത്തിലേക്ക് വന്ന ഒരാളാണ് ഞാൻ.

അതേസമയം, ഒരു രാഷ്ട്രീയ നേതാവിന്റെ മകനെന്ന നിലയിൽ അറിയപ്പെടാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ചെറുപ്പത്തിൽ തന്നെ രാഷ്ട്രീയത്തിന്റെ ചില മോശം വശങ്ങൾ കണ്ടിട്ടുണ്ട്. പൊതുവേ രാഷ്ട്രീയ നേതാക്കളുടെ മക്കളെപ്പറ്റി സമൂഹത്തിൽ പലപ്പോഴും മോശമായ അഭിപ്രായങ്ങൾ ഉയരാറുണ്ട്. അത്തരമൊരു ലേബലിൽ അടയാളപ്പെടുത്തപ്പെടാൻ എനിക്ക് താൽപര്യമില്ലായിരുന്നു. എന്റെ മക്കൾ എന്നെക്കുറിച്ച് കേൾക്കുന്നത് നല്ല കാര്യങ്ങളായിരിക്കണം എന്നൊരു നിർബന്ധവും എനിക്ക് ഉണ്ടായിരുന്നു.

നല്ല രാഷ്ട്രീയ നേതാക്കളുടെ മക്കളിൽ പലരും സ്വന്തം വഴിയാണ് തെരഞ്ഞെടുത്തത്. സി.അച്യുതമേനോൻ പ്രശസ്തനായ അറിവും ഭരണദർശനവുമുള്ള നേതാവായിരുന്നു; അദ്ദേഹത്തിന്റെ മകൻ ഡോ. രാമൻകുട്ടി നല്ലൊരു പബ്ലിക് ഹെൽത്ത് സ്‌പെഷ്യലിസ്റ്റായി മാറി. രമേശ് ചെന്നിത്തലയുടെ മകൻ ഐ.ആർ.എസ് പോലുള്ള സർവീസുകളിലേക്കും, മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ മകൻ കെ. ബിജു ഐ.എ.എസ്സിലേക്കും പോയി. മറ്റു ചിലരുടെ മക്കൾ പ്രൊഫഷണൽ മേഖലകളിലേക്കും പോയിട്ടുണ്ട്. പക്ഷേ പൊതുവെ രാഷ്ട്രീയ നേതാക്കളുടെ മക്കൾ രാഷ്ട്രീയത്തിലേക്ക് തന്നെ പോകുന്ന പ്രവണതയും കാണാം. എനിക്ക് അതിൽ താൽപര്യമില്ലായിരുന്നു.

ഞങ്ങൾ സാമ്പത്തികമായി വലിയ സമ്പന്ന കുടുംബമായിരുന്നില്ല എന്ന് പറയുന്നത് പൂർണമായ അർഥത്തിൽ ശരിയല്ല. അച്ഛന്റെ അച്ഛൻ ഒരു വൈദ്യനും ഒത്തിരി ഭൂസ്വത്തുണ്ടായിരുന്ന ഒരാളുമായിരുന്നു. പിന്നീട് പല ഘട്ടങ്ങളിലൂടെയും കുടുംബം കടന്നുപോയി. 1987ൽ അച്ഛന് രാഷ്ട്രീയപരമായ പതനം വന്നതിനുശേഷവും, തുടർന്ന് ഉണ്ടായ ചില ദുരനുഭവങ്ങൾക്കുശേഷവുമാണ് സാമ്പത്തികമായി പ്രയാസങ്ങൾ അനുഭവിക്കേണ്ടിവന്നത്. ഉയർച്ചയും വീഴ്ചയും ഞങ്ങൾ കണ്ടു. അച്ഛൻ വലിയ സമ്പത്ത് സമ്പാദിച്ചുവെച്ചിരുന്നില്ല. അതുകൊണ്ട് ഞങ്ങൾ അഹങ്കാരികളായി വളർന്നില്ല. ജനങ്ങളുമായി ബന്ധപ്പെട്ടു ജീവിക്കാൻ അത് സഹായിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
INTERVIEW
img